
ന്യൂഡൽഹി: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃഗബലിയും ഈദ് നമസ്കാരവും സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ ബലിമൃഗങ്ങളുടെ വിൽപ്പന അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.
പശു, ഒട്ടകം തുടങ്ങിയ നിരോധിത മൃഗങ്ങളെ അറുക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പശ്ചിമബംഗാളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പശുക്കളെയും എരുമകളെയും കശാപ്പ് ചെയ്യുന്നതിനെതിരായ സർക്കാർ ഉത്തരവ് കൽക്കട്ട ഹൈക്കോടതി ശരിവെച്ചു.
14 വയസ്സിൽ താഴെയുള്ള കന്നുകാലികളെ അറുക്കുന്നതും നിരോധിച്ചിട്ടുണ്ട്. പശുവിനെ ബലിനൽകുന്നത് ഇസ്ലാമിലെ നിർബന്ധിത മതാചാരമല്ലെന്ന് സുപ്രീംകോടതിയുടെ മുൻവിധി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സുജോയ് പോളും ജസ്റ്റിസ് പാർത്ഥ സാരഥിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിലവിലുള്ള ഗോവധ നിരോധന നിയമങ്ങൾ ബക്രീദ് കാലയളവിൽ കൂടുതൽ കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രം നടത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ പ്രാർഥനകൾക്ക് അനുമതിയില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.










